യെറിവാൻ: റഷ്യയുടെ കടുത്ത സാമ്പത്തിക-രാഷ്ട്രീയ സമ്മർദങ്ങളെ മറികടന്ന് അർമേനിയൻ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നികോൾ പാഷിന്യാൻ നയിക്കുന്ന സിവിൽ കോൺട്രാക്ട് പാർട്ടിക്ക് വൻവിജയം.
മേഖലയിൽ റഷ്യയുടെ സ്വാധീനം അളക്കുന്ന നിർണായക പരീക്ഷണമെന്ന് വിലയിരുത്തപ്പെട്ട പൊതുതെരഞ്ഞെടുപ്പിൽ സിവിൽ കോൺട്രാക്ട് പാർട്ടി 49.8 ശതമാനം വോട്ടുകൾ നേടി.
തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ റഷ്യൻ അനുകൂലിയായ സാംവെൽ കരാപെത്യാന്റെ സ്ട്രോംഗ് അർമേനിയ സഖ്യത്തിന് 23.3ശതമാനം വോട്ടുകൾ മാത്രമാണ് സമാഹരിക്കാനായത്. മുൻ പ്രധാനമന്ത്രി റോബർട്ട് കൊച്ചാര്യന്റെ നേതൃത്വത്തിലുള്ള അർമേനിയ സഖ്യം 9.93 ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
പരമ്പരാഗതമായി റഷ്യയോടുണ്ടായിരുന്ന അടുപ്പത്തിൽ നിന്നുമാറി യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവരുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനാണ് നികോൾ പാഷിന്യാൻ ശ്രമിക്കുന്നത്. പാഷിന്യാന്റെ നയങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമായാണ് സിവിൽ കോൺട്രോക്ട് പാർട്ടി ഈ വിജയത്തിനെ കാണുന്നത്.
അർമേനിയൻ ജനത സമാധാനത്തിനും ഐക്യത്തിനുമാണ് വോട്ടുചെയ്തെന്ന് നികോൾ പാഷിന്യാൻ പ്രതികരിച്ചു. ഫ്രാൻസും യൂറോപ്യൻ യൂണിയൻ അടക്കമുള്ളവർ പാഷിന്യാനെ അഭിനന്ദിച്ച് രംഗത്തെത്തി.
അർമേനിയയുടെ പുതിയ നീക്കത്തിൽ റഷ്യ നേരത്തേതന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. യുക്രൈയ്ന്റെ പാത പിന്തുടർന്നാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നെന്നാരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.
30 ലക്ഷം ജനസംഖ്യയുള്ള ദക്ഷിണ കോക്കസസ് രാജ്യമായ അർമേനിയ 2023ൽ അസർബൈജാനോട് കനത്ത സൈനിക പരാജയം ഏറ്റുവാങ്ങിയതിനുശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.